.
Menu Close Menu

യതിവര്യസപര്യ

രാജാക്കന്മാരേയും സംന്യാസിമാരേയും വെറുംകയ്യോടെ കാണരുതെന്ന് പറയാറുണ്ട്. എന്തെങ്കിലും സമര്‍പ്പിച്ച് വന്ദിക്കണം. മഠങ്ങളിലും ആശ്രമങ്ങളിലും സംന്യാസിമാരെ സന്ദര്‍ശിച്ച് വെച്ചുനമസ്‌കരിക്കുന്ന സമ്പ്രദായം നിലവിലുണ്ട്. സംന്യാസിമാരെ ക്ഷേത്രങ്ങളിലേക്ക് ക്ഷണിച്ചുവരുത്തി ഉപചാരപൂര്‍വ്വം വന്ദിച്ച് അവരെ സംപ്രീതരാക്കുന്നത് ക്ഷേതാഭിവൃദ്ധിക്കും ഭക്തജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കും ഗുണകരമാണെന്ന് ശാസ്ത്രം അനുശാസിക്കുന്നു. അതനുസരിച്ച് പ്രശ്‌നവശാല്‍ക്കണ്ട ദോഷപരിഹാരാര്‍ത്ഥം യതിവര്യന്മാരെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചുവരുത്തി പുഷ്പാഞ്ജലി ചെയ്യിപ്പിച്ച് ഭിക്ഷ നല്‍കി വെച്ചുനമസ്‌കാരം നടത്തുന്ന സമ്പ്രദായം പണ്ടുമുതലേ നടപ്പുള്ളതാണ്. മഠത്തിലെത്തി സ്വാമിയാരെകണ്ട് സൗകര്യമുള്ള ദിവസം നിശ്ചയിച്ച് ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നു.

ശ്രീശങ്കരപരമ്പരയില്‍പ്പെട്ട സ്വാമിയാര്‍ എവിടെപ്പോകുമ്പോഴും ദണ്ഡും ഉപാസനാമൂര്‍ത്തിയും കൂടെയൂണ്ടാവും. ദണ്ഡ് സ്വാമിയാര്‍തന്നെ കൈവശം വെക്കും. നിലത്തുവെക്കാറില്ല. സഹായിയായി കൂടെപ്പോകുന്ന വ്യക്തി തേവാരമൂര്‍ത്തികള്‍ ഉള്‍പ്പെടുന്ന സമ്പുടം കൈയ്യില്‍പ്പിടിച്ച് മുമ്പേനടക്കും. അതിനാല്‍ ദേവന്മാരാണ് മുമ്പേ എഴുന്നുള്ളുന്നത്. മാത്രമല്ല, യതിര്‍ വൈ വിഷ്ണുഃ എന്ന സ്മൃതിവചനമനുസരിച്ച് സംന്യാസി സാക്ഷാല്‍ മഹാവിഷ്ണുതന്നെയാകുന്നു. ദിവ്യത്വമുള്ളതാകയാല്‍ കുത്തുവിളക്കുപിടിച്ചും രണ്ട് ശംഖുവിളിച്ചും സ്വാമിയാരെ സ്വീകരിക്കണം. മാല, പൂര്‍ണ്ണകുംഭം, വേദ-വാദ്യഘോഷങ്ങള്‍ തുടങ്ങിയവ സാഹചര്യമനുസരിച്ച് ഏര്‍പ്പാടാക്കാം. ക്ഷേത്രത്തിലെത്തിയാല്‍ ഊരാളനോ തന്ത്രിയോ മേല്‍ശാന്തിയോ സ്വാമിയാരെ വന്ദിച്ച് ദണ്ഡ് സ്വീകരിക്കും. നിലം തൊടാതെ, ആരും ചവിട്ടാത്തവിധം ശുദ്ധമായൊരിടത്ത് പ്രത്യേകരീതിയില്‍ ദണ്ഡ് ചാരിവെക്കും.

പുഷ്പാഞ്ജലിക്കുവേണ്ട പൂവ്, നിവേദ്യസാധനങ്ങളായ ത്രിമധുരം, പാല്‍പ്പായസം എന്നിവ തയ്യാറാക്കി സ്വാമിയാരെ ശ്രീലകത്തേക്ക് ആനയിക്കും. പ്രതിഷ്ഠാമൂര്‍ത്തിക്കും സ്വാമിയാരുടെ ഉപാസനാമൂര്‍ത്തിക്കും സ്വാമിയാര്‍ വെവ്വേറെ പുഷ്പാഞ്ജലി ചെയ്യുമ്പോള്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്താം. സ്വാമിയാരുടെ പുഷ്പാഞ്ജലി എല്ലാവിധ ദോഷങ്ങളും ഇല്ലാതാക്കുമെന്ന് ശാസ്ത്രം ഉദ്‌ഘോഷിക്കുന്നു. സാധാരണക്കാര്‍ ചെയ്യുന്ന പ്രതിഷ്ഠയേക്കാളും പൂജയേക്കാളും വലിയഫലമാണ് ദിവ്യന്മാര്‍ നടത്തുന്ന പ്രതിഷ്ഠയും പൂജയും. അതുകൊണ്ടുതന്നെ ചിലക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് വൈകല്യങ്ങള്‍ സംഭിവിച്ചാലും ദിവ്യന്മാര്‍ നടത്തിയ പ്രതിഷ്ഠയായതിനാല്‍ വിഗ്രഹം മാറ്റാന്‍ പാടില്ലെന്നു പറയാറുണ്ട്. സാധാരണക്കാര്‍ നിത്യപൂജ നടത്തുമ്പോള്‍ പലതരം ന്യൂനതകളും വന്നേക്കാവുന്നതാണ്. അത്തരം ന്യൂനതകള്‍ ആചാര്യന്റെ തപശ്ശക്തി, അനുഷ്ഠാനം, വേദജപം, ഉത്സവം, അന്നദാനം എന്നിവകൊണ്ട് തീരും. എന്നാല്‍ ഇത്തരം കര്‍മ്മങ്ങളിലും ലോപം സംഭവിച്ചെന്നുവരാം. അതുമൂലമുണ്ടാകുന്ന ന്യൂനതകള്‍ സംന്യാസിമാര്‍ നടത്തുന്ന പുഷ്പാഞ്ജലികൊണ്ട് ഇല്ലാതായിത്തീരുമെന്ന് ശാസ്ത്രം അനുശാസിക്കുന്നു. അതിനാല്‍ സ്വാമിയാരുടെ പുഷ്പാഞ്ജലി ദോഷപരിഹാരത്തിനും ക്ഷേത്രാഭിവൃദ്ധിക്കും സഹായകമാണ്.

'അപയാതിക്രിയാലോപോ യതിവര്യസപര്യയാ ഉപയാന്തിച ഭദ്രാണി യതിവര്യസപര്യയാ'

സ്വാമിയാര്‍ പുഷ്പാഞ്ജലി ചെയ്യുന്നതുവഴി ക്രിയകളുടെ പോരായ്മകള്‍ ദൂരെപ്പോകുന്നു. എല്ലാദേവീദേവന്മാരും സംപ്രീതരാകുന്നതിനാല്‍ മംഗളങ്ങള്‍ അടുത്തേക്കുവരികയും ചെയ്യുന്നു.

യതിവര്യസപര്യ- യതിവര്യന്റെ പൂജയാണ്; യതിവര്യനെ പൂജിക്കലുമാണ്. ക്രിയാലോപത്തിനുള്ള പരിഹാരമായും, ശ്രേയസ്സ് ഉണ്ടാകുന്നതിനുള്ള മാര്‍ഗ്ഗമായും നിര്‍ദ്ദേശിക്കപ്പെടുന്നതിനാല്‍ യതിവര്യന്‍ നടത്തുന്ന പൂജയും യതിവര്യനെ പൂജിക്കലും ശ്രേഷ്ഠതരം തന്നെയാണ്.

പുഷ്പാഞ്ജലികഴിഞ്ഞാല്‍ സ്വാമിയാരുടെ കാല്കഴുകി പാദതീര്‍ത്ഥം തളിക്കും. തുടര്‍ന്ന് സ്വാമിയാര്‍ക്ക് ഭിക്ഷസമര്‍പ്പിക്കും. ഇതും ഒരു പൂജയാണ്. ശ്രാദ്ധമൂട്ടുന്നതുപോലെ ശ്രദ്ധയോടും ശുദ്ധിയോടും കൂടിയുള്ള അനുഷ്ഠാനമാണ് ഭിക്ഷ. ഇത് ഒരു പ്രദര്‍ശനമാവരുത്. സ്വാമിയാരുടെ ദണ്ഡ് സ്വീകരിച്ച വ്യക്തിയാണ് ഭിക്ഷ വിളമ്പിക്കൊടുക്കുക. ശ്രാദ്ധത്തിനുപതിവുള്ള വിഭവങ്ങളാണ് ഭിക്ഷയ്ക്കും. വെളിച്ചെണ്ണ, കടുക്, മുളക്, മഞ്ഞള്‍പ്പൊടി, ഉഴുന്ന്, മത്തന്‍ തുടങ്ങിയവയെല്ലാം വര്‍ജ്യമാണ്. നെയ്യും കുരുമുളകുമാണ് പ്രധാനം. കടുക്കയും ചുക്കും ചേര്‍ത്തു തിളപ്പിച്ച വെള്ളമാണ് കുടിക്കുക. കുടിക്കുനീര്‍കൊടുത്ത് പൂവ്വാരാധിക്കുമ്പോള്‍ ഒരു മന്ത്രം ചൊല്ലാറുണ്ട്. മൂന്നുലോകങ്ങളിലായി വര്‍ത്തിക്കുന്ന സ്വന്തം വിഭൂതികളോടുകൂടിയ അല്ലയോ ദേവന്മാരേ, നിങ്ങള്‍ മുപ്പത്തിമൂന്നുപേരുംകൂടി ഈ യജ്ഞത്തെ സ്വീകരിച്ചാലും.- അതാണ് മന്ത്രത്തിന്റെ താല്പര്യം. ശ്രാദ്ധം പിതൃക്കളെ പ്രീതിപ്പെടുത്താനാണ്. സ്വാമിയാര്‍ക്കള്ള ഭിക്ഷ ദേവന്മാരെ സന്തോഷിപ്പിക്കുവാനുള്ള ലളിതമായൊരു യഞ്ജമാണ്. സ്വാമിയാരുടെ സംരക്ഷണവും പരിപാലനവും ഗൃഹസ്ഥന്റെ കര്‍ത്തവ്യമാണ്. ഭിക്ഷയ്ക്കുശേഷം, സ്വാമിയാര്‍ക്കുവേണ്ടി തയ്യാറാക്കിയ കവ്യം, വിളമ്പിക്കൊടുത്തവ്യക്തിയും മറ്റുള്ളവരും ഭക്ഷിക്കുന്നത്-ശേഷം കൊള്ളുന്നത്- ശ്രേഷ്ഠമായി കണക്കാക്കുന്നു.

ഭിക്ഷക്കുശേഷം വെച്ചുനമസ്‌കരിക്കണം. സംന്യാസിമാര്‍ക്ക് ഉപയോഗത്തിനുള്ള വസ്തുക്കള്‍ സമര്‍പ്പിക്കുക എന്നതാവും ഉദ്ദേശം. ഭക്ഷണത്തിനും പൂജക്കും വേണ്ട ദ്രവ്യങ്ങള്‍.

വസ്ത്രം, കാവിമണ്ണ്, ഭസ്മം, ഗോപിക്കട്ട, കടുക്ക, ചുക്ക്, ചന്ദനമുട്ടി, എണ്ണ, നെയ്യ്, ശര്‍ക്കര, ഉണക്കല്ലരി, നേന്തപ്പഴം, കദളിപ്പഴം, നാളികേരം എന്നിവ സമര്‍പ്പിക്കുന്നതോടൊപ്പം ദ്രവ്യവും കൂടി വെച്ചുനമസ്‌കരിക്കും. ഭിക്ഷ വിളമ്പിക്കൊടുക്കുന്ന വ്യക്തിയാണ് ആദ്യം വെച്ചു നമസ്‌കരിക്കുക. പ്രദക്ഷിണം വെച്ച് രണ്ടുനമസ്‌കരിച്ചശേഷം മൂന്നാമത്തെ നമസ്‌കാരത്തില്‍ സ്വാമിയാരുടെ പാദം സ്വന്തം തലയിലേക്കടുപ്പിച്ചു വെച്ചാണ് നമസ്‌കരിക്കുന്നത്. പിന്നീട് താല്പര്യമുള്ളവരെല്ലാം യഥാശക്തി സമര്‍പ്പിച്ച് നമസ്‌കരിക്കും. ഭൂതകാലത്തോ വര്‍ത്തമാനകാലത്തോ കുടുംബത്തിനോ വ്യക്തികള്‍ക്കോ സംഭവിച്ച ഗുരുശാപവും, യതിശാപവും സ്വാമിയാര്‍ക്ക് വെച്ചുനമസ്‌കരിച്ച് സ്വാമിയാര്‍ തരുന്ന തീര്‍ത്ഥം സേവിക്കുന്നതോടെ പരിഹരിക്കപ്പെടും. സ്വാമിയാരുടെ അനുഗ്രഹം പരമ്പരയുടെ മുഴുവന്‍ അനുഗ്രഹമാണ്. പിതൃക്കളും ഗുരുവര്യന്മാരും പ്രസാദിച്ചാലേ കുടുംബത്തിനും വംശപരമ്പരകള്‍ക്കും സൗഭാഗ്യമുണ്ടാകൂ. പരമ്പരയുടെ അനുഗ്രഹം ക്ഷേത്രാഭിവൃദ്ധിക്കും കുടുംബാംഗങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കും ഇടവരുത്തും. പ്രാര്‍ത്ഥിച്ചും വന്ദിച്ചും സ്വാമിയാരെ യാത്രയാക്കുന്നതോടെ സ്വാമിയാരുടെ സന്ദര്‍ശനച്ചടങ്ങ് പരിസമാപിക്കുന്നു.

ക്ഷേത്രങ്ങളിലും, മഠങ്ങളിലും പതിവുള്ള വിശേഷപ്പെട്ട മറ്റൊരു ചടങ്ങാണ് യോഗീശ്വരപൂജ. സര്‍വ്വസംഗപരിത്യാഗികളായ സംന്യാസിമാര്‍ സമാധിയായാല്‍ പ്രത്യേകം സജ്ജമാക്കുന്ന സ്ഥലത്ത് ഭൗതികശരീരം സമാധിയിരുത്തുന്ന ചടങ്ങാണ് ഭൂമിദാനം. ഭൂമിദാനം നടന്ന സ്ഥലത്ത് വിഷ്ണുരൂപം പ്രതിഷ്ഠിച്ച് സമാരാധന നടത്തുന്ന പതിവുണ്ട്. അതുകൂടാതെ, സ്വാമിയാര്‍ ഭൗതിക ശരീരം ഉപേക്ഷിച്ചനാളില്‍ അദ്ദേഹത്തെ അനുസ്മരിച്ച് വര്‍ഷം തോറും ക്ഷേത്രങ്ങളില്‍ ചെയ്യുന്ന പ്രത്യേക പൂജയാണ് യോഗീശ്വരപൂജ. ഇത് ഭക്തിയോടെയും ശ്രദ്ധയോടെയും ചെയ്യുന്നതുവഴി എല്ലാ ദുരിതങ്ങളും തീര്‍ന്ന് സര്‍വ്വഅഭിവൃദ്ധിയും നാള്‍ക്കുനാള്‍ വന്നുചേരും. അതിനാല്‍ വിഷ്ണുവായി സങ്കല്‍പ്പിച്ച്, ക്ഷേത്രങ്ങളില്‍ പത്മമിട്ട്, പ്രത്യേകമായി നടത്തുന്ന യോഗീശ്വരപൂജ ക്ഷേത്രചൈതന്യവര്‍ദ്ധനവിന് അത്യുത്തമമാണെന്ന് ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നു. ഈ പൂജതൊഴുത് നമസ്‌കരിക്കുന്നത് വ്യക്തികള്‍ക്കും ഗുണം ചെയ്യുന്നതാണ്. എന്തായാലും യതിവര്യന്മാരെ പ്രത്യക്ഷമായും പരോക്ഷമായും വന്ദിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ശ്രേയസ്‌കരമായ സത്കര്‍മ്മമാണ്. അതിനാല്‍, ആചാര്യന്മാരായ സംന്യാസിശ്രേഷ്ഠന്മാരെ നമസ്‌കരിക്കുവാനും ക്ഷേത്രങ്ങളിലേക്ക് ക്ഷണിച്ചുവരുത്തി പുഷ്പാഞ്ജലി ചെയ്യിപ്പിച്ച് ഭിക്ഷയും വെച്ചുനമസ്‌കാരവും നടത്തി പരമ്പരയുടെ മുഴുവന്‍ അനുഗ്രഹത്തിനു പാത്രീഭൂതരാകുവാനും ഏവര്‍ക്കും ഭാഗ്യമുണ്ടാവട്ടെ.