Menu Close Menu

ഋഗ്വേദവ്യാഖ്യാനം
(നാമധിഷ്ഠിത പ്രതിപാദനം)

ഈ പ്രബന്ധം എഴുതിയ (ഭാരദ്വാജ) പ്രകൃതിയുടെ അനന്തവും ഭിന്നവും സദാ മാറികൊണ്ടിരിക്കുന്നതുമായ രൂപങ്ങളിൽ ഒന്നു മാത്രമാണ്. പ്രപഞ്ചനിയന്താവ് ആജ്ഞാപിക്കുന്നു. എഴുതുന്നവന്റെ ശരീരവും മനസ്സും അനുസരിക്കുന്നു.

വേദാചാര്യകുടുംബക്കാരായ മാതാപിതാക്കളുടെ പുത്രൻ.
പത്തു വയസ്സുവരെ പാരമ്പര്യ ഗുരുകുല ശിക്ഷണത്തിൽ വളർന്നു.
പിന്നീട് ഭാരതത്തിനകത്തും പുറത്തുമുള്ള വിശ്രുത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചു.
സയൻസിലും എഞ്ചിനീയറിങ്ങിലും ബിരുദം എടുത്തു. ബിരുദതലത്തിലെ എഞ്ചിനീയറിങ്ങിൽനിന്നു ഭിന്നമായ എഞ്ചിനീയറിങ്ങിന്റെതന്നെ രണ്ടു വ്യത്യസ്ത ശാഖകളിൽ ബിരുദാനന്തരബിരുദവും, ഈ മൂന്നിൽനിന്നും മാറി വേറൊരു ശാഖയിൽ ഡോക്ടറേറ്റും എടുത്തു.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൻ കീഴിലെ വ്യവസായസ്ഥാപനത്തിൽ ഏതാനും കൊല്ലം ഡിസൈൻ പരിചയം. പിന്നെ മുപ്പതിലേറെ വർഷം പ്രശസ്തമായ സാങ്കേതികശാസ്ത്ര സ്ഥപനങ്ങളിൽ അദ്ധ്യാപനവും ഗവേഷണവും.
ഏഴു മുതൽ പത്തു വയസ്സുവരെ ഋഗ്വേദമന്ത്രങ്ങൾ പഠിച്ചു.
സ്വപിതാവിന്റെ ആകസ്മിക മരണത്തെ തുടർന്ന് ചെറുപ്പത്തിലെ മനസ്സ് വേദാന്തചിന്തയിലേക്കു തിരിഞ്ഞു. തിരക്കിനിടയിലും പത്തു മുഖ്യ ഉപനിഷത്തുകളുടെ പഠനത്തിനു സമയം കണ്ടെത്തി. അവസാനം മാണ്ഡുക്യോപനിഷത്ത് നിഷ്കർഷയായി പഠിച്ചു.
തുടർന്ന്, (1) മാണ്ഡുക്യോപനിഷത്തിന്റെ ജ്യാമിതീയ പ്രതിനിധാനം, (2) മാണ്ഡുകകാരികയുടെ ടീക, (3) ഭഗവദ്ഗീതയുടെ അദ്വൈതഭാഷ്യം എന്നിവ രചിച്ചു.
1987 - ൽ തുടങ്ങിയ സായണാചാര്യരുടെ ഋഗ്വേദഭാഷ്യപഠനവും അക്കൊല്ലംതന്നെ ബദരീനാഥക്ഷേത്രത്തിനടുത്തുള്ള വ്യാസഗുഹ സന്ദർശിച്ചതും ഈ ലേഖകന് പ്രേരകമായി ഭവിച്ചു.
ഈയൊരു ദൗത്യം ഏറ്റെടുക്കാൻ ഈയുള്ളവന്റെ ദേഹവും മനവും ഏതോ അജ്ഞാതകരത്താൽ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ടതാണെന്നു വേണം കരുതാൻ.