Menu Close Menu

തിടമ്പുനൃത്തം

തൃച്ചംബരം ക്ഷേത്രത്തിനുസമീപം തെക്കെ മഠത്തിനും നടുവില്‍ മഠത്തിനും തൃക്കൈക്കാട്ടു മഠത്തിനും ഇടനീർമഠത്തിനും ആസ്ഥാനങ്ങളുണ്ടായിരുന്നു. വേണ്ടത്ര ശ്രദ്ധിക്കാതെ വന്നതിനാല്‍ അവിടെയുണ്ടായിരുന്ന കെട്ടിടങ്ങള്‍ പലതും നശിച്ചുപോയി. തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിടമ്പു നൃത്തത്തില്‍ സ്വാമിമാര്‍ പണ്ടുമുതലേ പങ്കെടുക്കാറുണ്ടായിരുന്നു. അതിനായി എത്തിച്ചേരുന്ന സ്വാമിമാര്‍ക്ക് താമസിക്കുവാന്‍ വേണ്ടി മഹാരാജാവ് അനുവദിച്ചതത്രെ സ്ഥലവും കെട്ടിടവും. ഇടക്കാലത്ത് ഈ സമ്പ്രദായത്തിന് ലോപം സംഭവിച്ചതുകൊണ്ടാകാം ആരും നോക്കാനില്ലാതെ കെട്ടിടങ്ങള്‍ നശിക്കാനിടയായത്. അടുത്ത കാലത്തായി തിടമ്പു നൃത്തത്തില്‍ സ്വാമിയാര്‍ പങ്കെടുക്കണമെന്ന നിര്‍ബന്ധമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ തെക്കെ മഠം സ്വാമിയാര്‍ എല്ലാ വര്‍ഷവും മുടങ്ങാതെ സന്നിഹിതനാവാറുണ്ട്. വില്വമംഗലം സ്വാമിയാര്‍ ശ്രീകൃഷ്ണന്‍േറയും ബലരാമന്‍േറയും കൂടെ നൃത്തം ചെയ്തതിനെ അനുസ്മരിച്ചു കൊണ്ടാണ് സ്വാമിയാര്‍ തിടമ്പുനൃത്തത്തില്‍ പങ്കെടുക്കുന്നത്.