Menu Close Menu
Select language

നരസിംഹമൂര്‍ത്തി

നരസിംഹമൂര്‍ത്തിയാണ് തെക്കേ മഠത്തിലെ ഉപാസനാമൂര്‍ത്തി. അഭീഷ്ടവരദനായ ഈ ദേവന് രണ്ടുനേരവും മുടങ്ങാതെ പൂജയും സ്വാമിയാരുടെ പുഷ്പാജ്ഞലിയും നടന്നുവരുന്നു. പാല്‍പായസവും പാനകവുമാണ് പ്രധാന വഴിപാട്. ധാരാളം ഭക്തജനങ്ങള്‍ഇവിടെവന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. നരസിംഹജയന്തി പ്രധാനമാണെങ്കിലും മഠംവക തിരുവാർപ്പ് നരസിംഹക്ഷേത്രത്തിലെ നരസിംഹജയന്തിയാണ് സ്വാമിയാരുടെ സാന്നിദ്ധ്യത്തില്‍ സാഘോഷം കൊണ്ടാടാറുള്ളത്. എങ്കിലും ഇവിടെ തന്ത്രിയുടെ നേതൃത്വത്തില്‍ നവകം, പഞ്ചഗവ്യം, കലശം തുടങ്ങിയവയും കളഭാഭിഷേകവും നവരാത്രിക്കുശേഷം നാല് ദിവസങ്ങളിലായി നടന്നുവരുന്നു. കളഭദിവസം പ്രസാദഊട്ടും പതിവാണ്.

നരസിംഹമൂര്‍ത്തിയുടെ ദിവ്യസാന്നിദ്ധ്യവും ഉപാസനയുടെ ഫലവും വ്യക്തമാക്കുന്ന ഒരു ഐതിഹ്യം ഇങ്ങനെയാണ്: പണ്ട് തൃശ്ശിവപേരൂര്‍ തെക്കേമഠത്തില്‍ പുതുമന സ്വാമിയാര്‍ എന്നൊരു ദിവ്യനുണ്ടായിരുന്നു. അക്കാലത്ത് മഴ പെയ്യാതിരുന്നിട്ട് നാട്ടുകാര്‍ അദ്ദേഹത്തോട് സങ്കടം ഉണര്‍ത്തിക്കുകയും അപ്പോള്‍ അദ്ദേഹം അവിടുത്തെ നരസിംഹ മൂര്‍ത്തിയുടെ തിടമ്പ് എടുത്ത് അവിടുത്തെ നടുമുറ്റത്തിരുന്ന് ഹൃദയത്തില്‍ വെച്ചുകൊണ്ട് പര്‍ജന്യസൂക്തം ജപിക്കുകയും മറ്റുള്ളവരെക്കൊണ്ട് ജപിപ്പിക്കുകയും ചെയ്തു. ഉദ്ദേശം ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ള വിഗ്രഹം മുങ്ങുവോളം അതിഭയങ്കരമായ മഴ പെയ്യുകയുണ്ടായി. അപ്പോള്‍ അദ്ദേഹം ജപംനിര്‍ത്തി എഴുന്നേല്‍ക്കുകയും ചെയ്തു.

മദമിളകിയ ഒരാന തെക്കെമഠം സ്വാമിയാര്‍ക്കുമുന്നില്‍ ശാന്തനായി നിന്ന കഥ ഭാഗവത സപ്താഹക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. പണ്ട് ഒന്നില്‍ക്കൂടുതല്‍ സ്വാമിയാര്‍മാര്‍ മഠത്തിലുണ്ടായിരുന്നതിനാല്‍ നരസിംഹമൂര്‍ത്തിക്കും വടക്കുന്നാഥനും സ്വാമിയാരുടെ നിത്യപുഷ്പാഞ്ജലി മുടങ്ങാതെ നടന്നിരുന്നു. ഒരു ദിവസം വടക്കുന്നാഥനിലേക്ക് പോകുമ്പോഴാണ് ഒരാന ഓടിവരുന്നത് കണ്ടത്. സഹായിയായി കൂടെയുണ്ടായിരുന്ന ബ്രഹ്മസ്വം മഠത്തിലെ വിദ്യാര്‍ത്ഥി പേടിച്ചു നിലവിളിച്ചാേള്‍ ഉണ്ണിയോട് മഠത്തിലേക്ക് ഓടിപോകുവാന്‍ സ്വാമിയാര്‍ നിര്‍ദ്ദേശിച്ചു. പ്രായമായ സ്വാമിയാരെ ഒറ്റക്കാക്കി ഓടിപോകാന്‍ ഉണ്ണി തയ്യാറായില്ല. ആന അടുത്തേക്ക് എത്തുന്നതോടെ, ഇടതുകൈകൊണ്ട് ഉണ്ണിയെ തന്നോടുചേര്‍ത്തു പിടിച്ച്, ''നാളേയും പുഷ്പാഞ്ജലി ചെയ്യേണ്ട കയ്യാണിത്'' എന്നു പറഞ്ഞ് ഉപാസകനായ സ്വാമിയാര്‍ വലതുകൈ ഉയര്‍ത്തിക്കൊണ്ട് നിന്നു. ആശ്ചര്യമുണ്ടാക്കുംവിധം ആന ചിഹ്നം വിളിച്ച് പെട്ടെന്നവിടെ നിന്നു. ഒന്നും അറിയാത്തവിധം അല്പനേരം സ്വാമിയാര്‍ക്കുമുന്നില്‍ ശാന്തനായി നിന്നശേഷം ആന വന്നവഴിയേ മടങ്ങിപോകുകയും ചെയ്തു.

തെക്കേമഠം തെക്കിനിയുടെ തെക്കെ ചുമരില്‍ നരസിംഹമൂര്‍ത്തിയുടെ ഒരു ചിത്രമുണ്ട്. ഇവിടെ ചിത്രം വരച്ചതിനുപിന്നിലും ഒരു കഥയുണ്ട്. ഇവിടെയുണ്ടായിരുന്ന ഒരു സ്വാമിയാര്‍ക്ക് രാജാരവിവര്‍മ്മയെകൊണ്ട് ചിത്രം വരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി. തമ്പുരാനെ ഈ വിവരം ധരിപ്പിച്ചപ്പോള്‍ അതുതന്റെ ഭാഗ്യമായി കരുതി അദ്ദേഹം വരികയും ചുമതല ഏറ്റെടുക്കുകയും ചെയ്തു. ധ്യാനശ്ലോകമനുസരിച്ച് ലക്ഷ്മീ നരസിംഹമൂര്‍ത്തിയുടെ ചിത്രരചനക്കായി കുറച്ചുദിവസം ധ്യാനിച്ചിരുന്ന് കലാരചനയിലേര്‍ടെുകയും സ്‌കെച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. ചായം കൊടുക്കാന്‍ തുടങ്ങിയാേഴേക്കും ബറോഡ രാജാവിന്റെ കല്പനയുമായി ഒരു ദൂതന്‍ വരികയും നിര്‍ബന്ധപൂര്‍വം തമ്പുരാനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. വരച്ചുകൊണ്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കിയിട്ടു പോയാല്‍ പോരെ എന്ന സ്വാമിയാരുടെ നിര്‍ദ്ദേശം പരിഗണിക്കാതെ പോകേണ്ടിവന്നതിനാല്‍ തമ്പുരാന്‍ അസ്വസ്ഥനായിരുന്നു. ബറോഡയില്‍ നിന്നും വന്നപ്പോഴേക്കും അദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലുമായി. പിന്നീട് തൃശൂര്‍ക്ക് വരാന്‍ സാധിച്ചില്ല. മനഃപ്രയാസം വര്‍ദ്ധിച്ചാേള്‍ ശിഷ്യനായ ശേഖരവാരിയരോട് നരസിംഹമൂര്‍ത്തിയുടെ ചിത്രം പൂര്‍ത്തിയാക്കുവാന്‍ ആവശ്യട്ടെതനുസരിച്ച് അദ്ദേഹം മഠത്തിലെത്തി. ചിത്രരചന പൂര്‍ത്തിയാക്കുകയും ചെയ്തു. സ്വാമിയാര്‍ക്കും സന്തോഷമായി. പ്രതിഫലം സ്വീകരിക്കരുതെന്ന് തമ്പുരാന്‍ ശിഷ്യനോട് പറഞ്ഞിരുന്നുവെത്ര. എങ്കിലും സമ്മാനമായി മുണ്ടും സ്വര്‍ണ്ണ നാണയവും സ്വാമിയാര്‍ നല്‍കിയത് ശേഖരവാരിയര്‍ സ്വീകരിച്ചുവെന്നാണ് കഥ. രാജാരവിവര്‍മ്മയും ശേഖരവാരിയരും വരച്ച ചിത്രം കാലക്രമേണ നാശമാകുകയും പിന്നീട് ഒരു ചിത്രകാരന്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തതാണ് ഇപ്പോള്‍ കാണുന്ന നരസിംഹമൂര്‍ത്തിയുടെ ചിത്രം എന്നുമാണ് പറയപ്പെടുന്നത്.

സരസ്വതീസാന്നിദ്ധ്യം

ശ്രീശങ്കരഭഗവദ്പാദര്‍ക്കുമുന്നില്‍ സരസ്വതീദേവീ പ്രത്യക്ഷട്ടെത് തെക്കെമഠത്തിലാണ് എന്നാണ് വിശ്വാസം. അതിനാല്‍ തെക്കെമഠത്തിലെ സരസ്വതീസാന്നിദ്ധ്യം ശ്രദ്ധേയമാണ്. തെക്കിനിയുടെ കിഴക്കേ അറ്റത്ത് നരസിംഹ മൂര്‍ത്തിയുടെ ശ്രീലകത്തിനു തെക്കുള്ള മുറിയിലാണ്, സരസ്വതീ സാന്നിദ്ധ്യം സങ്കല്പിച്ചിച്ചുകൊണ്ട് പൂജ നടന്നുവരുന്നത്. കാലങ്ങളായി സരസ്വതീപൂജ നടക്കുന്ന മുറിയില്‍ ശ്രീചക്രമുണ്ടെന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ മഠത്തില്‍ വെച്ചുനടന്ന അഷ്ടമംഗല പ്രശ്‌നത്തില്‍ ശ്രീലകത്ത് ശ്രീചക്രമുണ്ടെന്ന് തെളിഞ്ഞു കണ്ടു. പലരും ഇത് നിഷേധിച്ചെങ്കിലും പ്രശ്‌നചര്‍ച്ചയില്‍ ഈ വസ്തുത ഉറിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് വിശദമായി പരിശോധിച്ചാേള്‍ മാത്രമാണ് തിരിച്ചറിയാന്‍ കഴിയാത്ത വിധം മങ്ങിപ്പോയിരുന്ന ശ്രീചക്രം അത്ഭുതകരമായി കണ്ടെത്താനായത്. ചുമരില്‍ ആലേഖനം ചെയ്യപ്പെട്ടെ ശ്രീചക്രം പുനര്‍നിര്‍മ്മിച്ച് ചൈതന്യവത്താക്കുകയും പൂര്‍വ്വാധികം ശ്രദ്ധയോടെ പൂജകള്‍ തുടര്‍ന്നുവരികയും ചെയ്യുന്നു. ഇതിനു മുന്നിലാണ് വാരം, സാരസ്വത ജപം, നെയ്യ് ജപം തുടങ്ങിയവ നടന്നു വരുന്നത്. നവരാത്രിയാണ് പ്രധാന ചടങ്ങ്. 9 ദിവസവും പ്രത്യേകം ആചരിക്കുന്നു. വൈദിക വിധികള്‍ക്കാണ് പ്രാമുഖ്യം കല്പിച്ചിട്ടുള്ളത്. അതനുസരിച്ച് നവരാത്രിക്കാലം മുഴുവന്‍ മൂന്നുവേദവും നിശ്ചിതസംഖ്യ ഉരുക്കഴിക്കുന്നു.