.
Menu Close Menu
Select language

തെക്കെമഠം

ശ്രീശങ്കരഭാഗവദ്പാദരുടെ പ്രഥമശിഷ്യനായ പദ്മപാദാചാര്യര്‍ സ്ഥാപിച്ചതാണ് തെക്കെമഠം. അതുകൊണ്ടുതന്നെ, പുരിയിലെ പൂര്‍വാമ്‌നായ ഗോവര്‍ദ്ധന പീഠത്തിന്റെ പാരമ്പര്യസമ്പ്രദായവും നിഷ്ഠയും തന്നെയാണ് തെക്കേമഠവും അനുവര്‍ത്തിച്ചുവരുന്നത്. ശ്രീമദ് ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാരുടെ ശിഷ്യനായ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാരാണ് തെക്കേമഠത്തിലെ ഇപ്പോഴത്തെ മൂപ്പില്‍ സ്വാമിയാര്‍. വേദോപനിഷദ് മഹാവാക്യാദികളെല്ലാം ഗോവര്‍ദ്ധനപീഠത്തിന്‍േറതുതന്നെയാണ്. ശ്രീശങ്കരന്‍ നേരിട്ടുസ്ഥാപിച്ചതും അദ്ദേഹത്തിന്റെ ശിഷ്യന്‍ സ്ഥാപിച്ചതും എന്ന വ്യത്യാസം മാത്രമേ ഇവ തമ്മിലുള്ളൂ. കേരളീയ സമ്പ്രദായത്തിലുള്ള തും വൈദികവുമായ ആചാരാനുഷ്ഠാനങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം കല്പിച്ചിട്ടുള്ളത്. പദ്മപാദാചാര്യരുടെ ഉപാസനാമൂര്‍ത്തിയായിരുന്ന ശ്രീനരസിംഹ മൂര്‍ത്തിയാണ് തെക്കേമഠം സ്വാമിയാരുടെ ഉപാസനാമൂര്‍ത്തി. ആനന്ദബ്രഹ്മാനന്ദഭൂതി എന്നാണ് തെക്കെമഠത്തില്‍ സ്വീകരിച്ചുവരുന്ന സംന്യാസനാമം.

താന്‍ കൊടുത്ത വാക്കുപാലിക്കുവാനായി ഒരു ദിവസം അര്‍ദ്ധരാത്രി സമയം ശിഷ്യന്മാര്‍ ഉറങ്ങുമ്പോള്‍ ശങ്കരാചാര്യസ്വാമികള്‍ കാപാലികന്റെ അടുത്തേക്കുപോയി. പത്മപാദരുടെ തൈജസപ്രജ്ഞയില്‍ പെട്ടെന്നൊരു ചലനമുണ്ടാകുകയും ഉണര്‍ന്നെണീറ്റ് ഗുരുവിനെ അന്വേഷിച്ചുനടക്കുകയും ചെയ്തു. കാപാലികന്റെ ദേവീപൂജയില്‍ ആലഭന മൃഗമായി ആചാര്യസ്വാമികളെ യൂപത്തില്‍ക്കെട്ടി ബലിയര്‍ിക്കാന്‍ തുടങ്ങുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഉപാസനമൂര്‍ത്തിയായ നരസിംഹസ്വാമിയെ സ്മരിക്കുകയും നരസിംഹസ്വാമി പദ്മപാദരില്‍ ആവേശിക്കുകയും ചെയ്തു. തുടര്‍ന്ന് കാപാലികനേയും സഹചാരികളേയും എല്ലാം വകവരുത്തി ഗുരുവിനെ ബന്ധനത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. ഇത് പത്മപാദരുടെ യോഗ പ്രഭാവത്തേയും ഉപാസനാ ബലത്തേയും സൂചിപ്പിക്കുന്നു.

പത്മപാദര്‍ പൂര്‍വാശ്രമത്തില്‍ ഒരു കേരളീയനായ നമ്പൂതിരിയായിരുന്നു. ആചാര്യസ്വാമിക്ക് അദ്ദേഹത്തോട് മമത കൂടുതലുണ്ടായിരുന്നു. അന്യദേശ സ്‌നേഹവും വംശസ്‌നേഹവും കൊണ്ടുണ്ടായതാണെന്ന് മറ്റ് ശിഷ്യന്മാര്‍ തെറ്റിദ്ധരിച്ചു. അവരുടെ തെറ്റിദ്ധാരണ ആചാര്യസ്വാമികള്‍ അറിഞ്ഞു. അതിനുള്ള സമാധാനം ഒരു പ്രവൃത്തിയിലൂടെ അദ്ദേഹം കാണിച്ചുകൊടുത്തു. ഗംഗയുടെ മറുകര കടന്ന് അദ്ദേഹം ശിഷ്യന്മാരെ അങ്ങോട്ടു വിളിച്ചു. ഗംഗ തരണം ചെയ്യാന്‍ മറ്റു ശിഷ്യന്മാര്‍ തരണികളെന്വേഷിച്ചു. പത്മ പാദര്‍ക്ക് ഒട്ടും സംശയം തോന്നിയില്ല. അദ്ദേഹം ഗംഗയിലിറങ്ങി നടക്കാന്‍ തുടങ്ങി. അഗാധജലം. പക്ഷേ താണില്ല. ഗുരുചരണപത്മങ്ങളെത്തന്നെ ധ്യാനിച്ചുകൊണ്ട് മൂന്നോട്ടു നീങ്ങുന്ന അദ്ദേഹത്തിന്റെ പാദങ്ങള്‍ക്ക് ഗംഗതന്നെ തന്റെ പത്മഹസ്തങ്ങള്‍കൊണ്ട് താങ്ങേകി. ബ്രഹ്മാനന്ദത്തില്‍ മുഴുകിയ ഒരു യോഗിക്ക് എന്താണ് സംശയിക്കുവാനുള്ളത്? എന്താണ് അസാധ്യമായിട്ടുള്ളത്? പ്രപഞ്ചം മുഴുവന്‍ അദ്ദേഹത്തിന് സപര്യ ചെയ്യും.

യോഗജന്യമായ വിഭൂതിയ്ക്ക് സാക്ഷ്യം വഹിച്ച ഈ സംഭവത്തെത്തുടര്‍ന്ന് അന്നുമുതല്‍ പത്മപാദര്‍ പത്മപാദബ്രഹ്മാനന്ദഭൂതി എന്ന പേരില്‍ അറിയടെുന്നു. പത്മപാദപരമ്പരയില്‍ പില്ക്കാലത്തുണ്ടായ സ്വാമിയാന്മാരും ബ്രഹ്മാനന്ദഭൂതി എന്ന സംജ്ഞ സ്വീകരിച്ചുവരുന്നു.

കേരളീയ സമ്പ്രദായത്തില്‍ ശ്രീശങ്കരപരമ്പരയിലെ മഠങ്ങളില്‍ കഠിനമായ നിഷ്ഠയും ആചാരങ്ങളുമാണ് ഉണ്ടായിരുന്നത്. പൂജ, ജപം, ഉപാസന, പഠനം തുടങ്ങിയവ ഇന്നും പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. എങ്കിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും സമൂഹവുമായി ഇടപെടാനും അടുത്തകാലത്തായി സ്വാമിയാര്‍മാര്‍ തയ്യാറാകുന്നുണ്ട് എന്നത് ശ്ലാഘനീയമായ വസ്തുത കളാണ്. അതുകൊണ്ടുതന്നെ, സ്വാമിയാരെ കാണുവാനും കാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനും ക്ഷേത്രങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടുപോകുവാനും ധാരാളമാളുകള്‍ ഔല്‍സുക്യം കാണിക്കാറുണ്ട്. ക്ഷണിക്കപ്പെട്ടെ ക്ഷേത്രങ്ങളിലേക്ക് പോകാറുമുണ്ട്. എന്നാല്‍ ദിനചര്യയിലും തേവാരത്തിലും നിഷ്ഠകള്‍ പാലിക്കേണ്ടതുള്ളതിനാല്‍ ഈ മഠത്തിലുള്ളവര്‍ക്ക് യഥേഷ്ടം സഞ്ചരിക്കുവാനോ പൊതു പരിപാടികളില്‍ പങ്കെടുക്കുവാനോ പാടില്ല. പരമ്പരയിലെ സംന്യാസി ശ്രേഷ്ഠാരുടെ സമാധിദിനം, ഗുരുപൂര്‍ണ്ണിമ തുടങ്ങിയ വിശേഷാവസരങ്ങളില്‍ യോഗേശ്വര പൂജ നടന്നുവരുന്നു. ഗുരുപൂര്‍ണ്ണിമദിവസം ചാതുര്‍മാസ്യവ്രതം ആരംഭിച്ചാല്‍ വിധിക്കട്ടെ കര്‍മ്മങ്ങളും ഉപാസനയുമായി നാലുപക്ഷംരണ്ടുമാസം ദേശം മാറാതെ വ്രതമനുഷ്ഠിക്കണം. വ്രതാവസാനദിവസം മുതല്‍ രണ്ടാഴ്ചക്കാലം ദേശാടനപക്ഷമായി ആചരിക്കുകയും വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ഭിക്ഷസ്വീകരിക്കുകയും വേണം. ഭിക്ഷക്ക് നിയന്ത്രണങ്ങള്‍ ധാരാളമുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ കര്‍ശനമായി പാലിക്കടെുന്നതിനാലും പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനാലുമാവാം ജാതിമത വ്യത്യാസമില്ലാതെ ധാരാളമാളുകള്‍ വിശ്വാസപൂര്‍വ്വം മഠത്തിലേക്ക് വരികയും സ്വാമിയാര്‍ക്ക് വെച്ചു നമസ്‌കരിക്കുകയും ചെയ്യുന്ന പതിവ് ഇപ്പോഴും തുടരുന്നത്.