Menu Close Menu

ഭിക്ഷയും വെച്ചുനമസ്‌കാരവും

മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി
ശൃംഗേരി ശങ്കരാചാര്യർക്ക് വെച്ചു നമസ്‌കരിക്കുന്നു

ക്ഷേത്രസങ്കേതങ്ങളിലേക്കോ ശങ്കരപരമ്പരയിലെ ആശ്രമങ്ങളിലേക്കോ നേരിട്ടുവന്നു ക്ഷണിച്ചാല്‍ സ്വാമിയാര്‍ പോകുന്നതും പുഷ്പാജ്ഞലി ചെയ്ത് ഭിക്ഷയും വെച്ചു നമസ്‌കാരവും സ്വീകരിക്കുന്നതും പതിവാണ്. കുടീചകനും ദണ്ഡിസന്യാസിയുമാകയാല്‍ സ്വാമിയാര്‍ യാത്രപോകുമ്പോള്‍ സമ്പുടവുമായി തേവാരമൂര്‍ത്തിയുമായി ഒരു സഹായി മുമ്പില്‍ നടക്കും. തേവാരമൂര്‍ത്തിയായ ദേവന്‍ എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. അതിനാല്‍ കൂത്തുവിളക്കും രണ്ട് ശംഖുമായി സ്വാമിയാരെ സ്വീകരിക്കണമെന്നാണ് പ്രമാണം. ഇതിനുപുറമെ, പൂര്‍ണ്ണകുംഭത്തോടെ മാലയിട്ട് വാദ്യഘോഷത്തോടെ ആനയിച്ച് കൊണ്ടുപോകാം. ക്ഷേത്രത്തിലെത്തിയാല്‍ ശാന്തിക്കാരനോ തന്ത്രിയോ ഊരാളനോ സ്വാമിയാരെ വന്ദിച്ച് ദണ്ഡ് സ്വീകരിച്ച് ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി പുഷ്പാഞ്ജലിക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കണം. സ്വാമിയാരുടെ പുഷ്പാഞ്ജലി ദേവ ചൈതന്യം വര്‍ദ്ധിക്കുവാന്‍ ഉപകരിക്കുമെന്നാണ് വിശ്വാസം. പുഷ്പാഞ്ജലി കഴിഞ്ഞാല്‍ സ്വാമിയാരെ കാലുകഴുകിച്ച് ഊട്ടുന്നതിനാണ് ഭിക്ഷ നല്‍കുക എന്നു പറയുന്നത്. ഭിക്ഷ കഴിഞ്ഞാല്‍ വെച്ചുനമസ്‌കരിക്കും. പരമ്പരയുടെ അനുഗ്രഹത്തിനു വേണ്ടിയാണ് വെച്ചു നമസ്‌കരിക്കുന്നത്. പൂര്‍വികമായോ വര്‍ത്തമാനകാലത്തിലോ, വ്യക്തിക്കോ കുടുംബത്തിനോ, അറിഞ്ഞോ അറിയാതെയോ സംഭവിച്ചിരിക്കാവുന്ന ഗുരുശാപവും യതിശാപവും പിതൃശാപവും ഇല്ലായ്മ ചെയ്യുന്നതിനുള്ള പരിഹാരക്രിയ കൂടിയാണ് വെച്ചു നമസ്‌കരിച്ചുള്ള പ്രാര്‍ത്ഥന. സ്വന്തം കുടുംബത്തിലുള്ളവരുടെ പിറന്നാള്‍ ശ്രാദ്ധ ദിവസങ്ങളില്‍ മഠത്തില്‍ സ്വാമിയാര്‍ക്ക് ഭിക്ഷയ്ക്കുവേണ്ട കാര്യങ്ങള്‍ ഏര്‍പ്പാടു ചെയ്യുന്നവരും ധാരാളമുണ്ട്. ഗുരു, ദേവ, പിതൃപ്രീതക്ക് വളരെ ഉത്തമമാണ് ഭിക്ഷ.