Menu Close Menu

വാക്യാര്‍ത്ഥ സദസ്സ്

തെക്കേമഠത്തിലെ അഷ്ടമി വാക്യാര്‍ത്ഥ സദസ്സ് പ്രസിദ്ധമാണ്. തര്‍ക്കം, വ്യാകരണം, ന്യായം, മീമാംസ തുടങ്ങിയ ശാസ്ത്രങ്ങളില്‍ പ്രഗത്ഭ്യം നേടിയ പണ്ഡിതന്മാർ‍ ഓരോരുത്തരായി അവരവരുടെ മേഖലയില്‍ നിന്നുള്ള ഏതെങ്കിലും സൂത്രമോ പ്രകരണമോ ശാസ്ത്രഭാഗമോ അവതരിപ്പിച്ച് അതാതു ശാസ്ത്രമനുസരിച്ചുള്ള എല്ലാതരം പ്രമാണങ്ങളോടെ സൂക്ഷ്മമായി വാക്യവും അര്‍ത്ഥവും വിശകലനം ചെയ്യുന്ന സമ്പ്രദായമാണ് വാക്യാര്‍ത്ഥസദസ്സ്. ഒരു പ്രകരണം പറഞ്ഞാല്‍ അതിലെ ഓരോ പദം വീതം ദളം ദളമായി ശബ്ദാര്‍ത്ഥാദികളുടെ ഔചിത്യവും ഗുണ വിശേഷങ്ങളും മറ്റും പൂര്‍വ്വപക്ഷം വ്യക്തമാക്കി സിദ്ധാന്തപക്ഷമായി അവതരിപ്പിക്കുന്ന പ്രക്രിയയാണിത്. മറ്റ് പണ്ഡിതന്മാരുടെ സംശയങ്ങള്‍ക്കുകൂടി പരിഹാരം കണ്ടെത്തി ഓരോന്നും എന്താണെന്നും എന്തിനാണെന്നും എന്തുകൊണ്ടാണെന്നും മറ്റും സവിസ്തരം പ്രതിപാദിക്കുന്ന ശാസ്ത്രവിചാര സദസ്സാണ് വാക്യാര്‍ത്ഥസദസ്സ്. വേദശാസ്ത്ര പാരമ്പര്യമുള്ള തെക്കേ മഠത്തില്‍ പണ്ടുകാലത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിദ്വല്‍ സദസ്സ് പതിവുണ്ടായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തുനിന്നുമായി അനേകം വിദ്വാന്മാര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അടുത്തകാലം വരെ 7 ദിവസത്തെ വാക്യാര്‍ത്ഥ സദസ്സ് സംഘടിപ്പിച്ചിരുന്നു. സാഹചര്യം അനുകൂലമല്ലാതെ വന്നതിനെതുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി ദുര്‍ഗ്ഗാഷ്ടമി ദിവസം മാത്രമേ വാക്യാര്‍ത്ഥ സദസ്സ് നടക്കുന്നുള്ളൂ. രാവിലെ മുതല്‍ വൈകുന്നേരംവരെ, കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതന്മാരെ പങ്കെടുിച്ചുകൊണ്ട് ഈ വിദ്വല്‍സദസ് പണ്ഡിതോചിതമായ വിധം ഇന്നും അഭംഗുരം നടന്നുവരുന്നു.

തെരഞ്ഞെടുക്കപ്പെടുന്ന ഒരു പണ്ഡിതന് കലിയത്ത് പരമേശ്വരഭാരതി സ്മാരക സുവര്‍ണ്ണ മുദ്ര നല്‍കി ആദരിച്ചു വരുന്നുമുണ്ട്. കോമന മൂത്തേടത്ത് ജയന്തന്‍ നമ്പൂതിരിയാണ് സുവര്‍ണ്ണമുദ്ര ഏര്‍പ്പാടാക്കിയിട്ടുള്ളത്. ഡോ. കെ.വി. വാസുദേവനും ഡോ. പാഴൂര്‍ ദാമോദരനും ഒറവങ്കര ദാമോദരന്‍ നമ്പൂതിരിയുമാണ് വാക്യാര്‍ത്ഥ സദസ്സ് സംഘടിപ്പിക്കുവാന്‍ നേതൃത്വം വഹിച്ചുവരുന്നത്. പ്രൊഫ. വെങ്കിടരാജവര്‍മ്മ, പ്രൊഫ. വാസുദേവന്‍ പോറ്റി, പ്രൊഫ. മണിദ്രാവിഡ ശാസ്ത്രികള്‍, ഡോ.ടി. ആര്യാദേവി, ഡോ. വി. രാമകൃഷ്ണഭട്ട്, ഡോ. ജി. ഗംഗാധരന്‍ നായര്‍, ഡോ. ദേവനാഥന്‍, ഡോ. കെ.പി. ബാബുദാസ്, ഡോ. വിഷ്ണുപോറ്റി, പ്രൊഫ. കൃഷ്ണകുമാര്‍ തമ്പുരാന്‍, പ്രൊഫ. സി.എസ്. നരസിംഹമൂര്‍ത്തി, ഡോ. ഒ.എസ്. രാംലാല്‍ ശര്‍മ്മ, പ്രൊഫ. ഒ. വത്സല, പ്രൊഫ. മഹാബലേശ്വരഭട്ട് തുടങ്ങിയ പണ്ഡിതന്മാർ അടുത്ത കാലത്ത് ആദരിക്കപ്പെട്ടവരാണ്.