Menu Close Menu
Select language

ആമുഖം

അദ്വൈതവേദാന്തപ്രചാരണത്തിനുവേണ്ടി ശ്രീശങ്കരഭഗവദ്പാദര്‍ ഭാരതത്തിന്റെ നാലു ഭാഗത്തായി ശൃംഗേരി, ദ്വാരക, ബദരി, പുരി എന്നിവിടങ്ങളില്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചു. ഓരോ മഠത്തിന്റെയും ചുമതല ഓരോ ശിഷ്യനെ ഏല്പിക്കുകയും ചെയ്തു. ഭഗവദ്പാദരുടെ നിര്‍ദ്ദേശപ്രകാരമാണത്രെ, അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തൃശൂരില്‍ പടിഞ്ഞാറെ ചിറയ്ക്കരികിലായി നാലു മഠങ്ങള്‍ സ്ഥാപിച്ചു. ശ്രീശങ്കരന്റെ ജനനം മുതല്‍ സമാധിവരെയുള്ള നിരവധി സംഭവങ്ങള്‍ വടക്കുന്നാഥനുമായി ബന്ധട്ടെവയായതു കൊണ്ടാകാം, വടക്കുന്നാഥക്ഷേത്രത്തിനടുത്ത് ശിഷ്യരെക്കൊണ്ട് മഠങ്ങള്‍ സ്ഥാപിക്കുവാന്‍ നിശ്ചയിച്ചത്. എന്തായാലും, തൃശൂര്‍ പഴയനടക്കാവില്‍ ഒരൊറ്റ കെട്ടിടസമുച്ചയത്തില്‍ തെക്കെമഠം, ഇടയില്‍ മഠം, നടുവില്‍ മഠം, വടക്കേ മഠം എന്നീ നാല് ആദ്ധ്യാത്മിക ഗുരുസങ്കേതങ്ങള്‍, ശ്രീശങ്കര പരമ്പരയില്‍, ശ്രീശങ്കരശിഷ്യ പരമ്പരയിലൂടെ കര്‍മ്മരംഗത്തും ആദ്ധ്യാത്മിക വൈജ്ഞാനിക മേഖലയിലും പ്രശസ്തമായിത്തീര്‍ന്നു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും വടക്കുന്നാഥക്ഷേത്രവും മഠങ്ങളും കഴിഞ്ഞ കാലത്തെന്നപോലെ ഇക്കാലത്തും നിര്‍ണ്ണായകമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നണ്ട് എന്നത് സുവിദിത മാണല്ലോ. ശ്രീശങ്കരന്‍ സ്ഥാപിച്ച മഠങ്ങളിലെ അതേ സമ്പ്രദായം തന്നെയാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ സ്ഥാപിച്ച മഠങ്ങളിലും അനുവര്‍ത്തിച്ചുവരുന്നത്. ഓരോ മഠത്തിന്റെയും പ്രവര്‍ത്തനം ചിട്ടടെുത്തിയിട്ടുള്ളതും പ്രമാണമായി കണക്കാക്കപ്പെട്ടിട്ടുള്ളതും ''മഠാമ്‌നായം'' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍, നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഓരോ പരമ്പരയ്ക്കും പ്രാദേശികമായി ചില ആചാരഭേദങ്ങള്‍ ഉണ്ട്. ദശനാമി സമ്പ്രദായത്തിലുള്ള സംന്യാസനാമങ്ങളിലും വേദോപനിഷദ്മഹാവാക്യങ്ങളിലും മഠങ്ങള്‍ വ്യത്യാസം പുലര്‍ത്തുന്നു. എങ്കിലും അടിസ്ഥാനപരമായി ശ്രീശങ്കരദര്‍ശനത്തേയും ചതുര്‍ധാമ സമ്പ്രദായങ്ങളേയും സംന്യാസ പാരമ്പര്യത്തേയും പിന്‍തുടര്‍ന്നുവരുന്നു. ശ്രീശങ്കരന്‍ സ്ഥാപിച്ച മഠങ്ങള്‍, ആസ്ഥാനം, ആചാര്യന്‍, വേദം, ഉപനിഷദ്, മഹാവാക്യം, സംന്യാസനാമം, ശിഷ്യപരമ്പരയില്‍ തൃശൂരില്‍ സ്ഥാപിക്കട്ടെ മഠങ്ങള്‍, ഉപാസനമൂര്‍ത്തി തുടങ്ങിയവ താഴെ എഴുതും പ്രകാരമാണ്.ഗോവര്‍ദ്ധനപീഠം ശാരദാപീഠം കാളികാപീഠം ജ്യോതിര്‍പീഠം
പുരി (ഒറീസ്സ) ശൃംഗേരി(കര്‍ണ്ണാടക) ദ്വാരക(ഗുജറാത്ത്) ബദരി(ഉത്തരാഖണ്ഡ്)
പദ്മപാദാചാര്യര്‍ സുരേശ്വരാചാര്യര്‍ ഹസ്താമലകാചാര്യര്‍ തോടകാചാര്യര്‍
ഋഗ്വേദം യജൂര്‍വേദം സാമവേദം അഥര്‍വ്വവേദം
ഐതരേയോപനിഷദ് കഠോപനിഷദ് ഛാന്ദോഗ്യോപനിഷദ് മാണ്ഡുക്യഉപനിഷദ്
പ്രജ്ഞാനം ബ്രഹ്മ അഹം ബ്രഹ്മാസ്മി തത്ത്വമസി അയമാത്മാ ബ്രഹ്മ
വന, അരണ്യ ‍ ഭാരതി, പുരി, സരസ്വതി തീര്‍ത്ഥ, ആശ്രമ പര്‍വ്വത, ഗിരി, സാഗര്‍
തെക്കെമഠം നടുവില്‍ മഠം വടക്കേമഠം ഇടയില്‍ മഠം
നരസിംഹമൂര്‍ത്തി പാര്‍ത്ഥസാരഥി ദക്ഷിണാമൂര്‍ത്തി ശ്രീരാമസ്വാമി


ശ്രീശങ്കര ഭാഗവദ്പാദരുടെ കാലം മുതല്‍ തൃശൂരില്‍ നാലു മഠങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ തൃശൂരില്‍ മൂന്നു മഠങ്ങള്‍ മാത്രമേ നിലവിലുള്ളൂ. അവയില്‍ രണ്ടെണ്ണമേ സംന്യാസിമഠങ്ങളായുളളൂ. തോടകാചാര്യ പരമ്പരയിലെ ഇടയില്‍ മഠം, നാലഞ്ചുനൂറ്റാണ്ട് മുമ്പ്, മലപ്പുറം ജില്ലയിലെ താന്നൂരിലേക്ക് മാറ്റി സ്ഥാപിച്ചു. ഇപ്പോൾ അത് തൃക്കൈക്കാട്ട് മഠം എന്ന പേരില്‍ അറിയപ്പെടുന്നു. തൃക്കൈക്കാട്ട് മഠത്തിന് കോട്ടയം തിരുനക്കരയിലും മഠമുണ്ട്. ഇടയില്‍മഠം തൃക്കഴിക്കാട്ടേക്കു മാറ്റിയാേള്‍ തൃശ്ശിവപേരൂരുള്ള മഠം തെക്കെമഠത്തിലേക്കു കൊടുക്കുകയാണ് ചെയ്തത്. അപ്പോൾ തെക്കെമഠം തെക്കെ അറ്റത്തുനിന്ന് ഇടയില്‍ മഠത്തിന്റെ സ്ഥാനത്തേക്കു മാറ്റുകയും മുമ്പു തെക്കെ മഠമുണ്ടായിരുന്ന സ്ഥാനത്ത് മഠത്തിന് ആവശ്യമായ മറ്റു കെട്ടിടങ്ങള്‍ കെട്ടുകയും ചെയ്തു. മൂന്നുമഠവും തൊട്ടുതൊട്ടാവണമെന്ന് കരു തിയിട്ടാവണം തെക്കെമഠം ഇടയില്‍ മഠത്തിന്റെ സ്ഥാനത്തേക്ക് മാറ്റിയത്. ചാങ്ങിലിയോട് വാദ്ധ്യാന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഭക്തപ്രിയം ക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ യോഗക്കാരുടെ ഋഗ്വേദ പാഠശാലക്ക് ഹസ്താമലകാചാര്യ പരമ്പരയിലെ വടക്കേമഠം അഞ്ചാറു നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ഒരു സ്വാമിയാര്‍ ഏല്പിച്ചു കൊടുത്തതോടെ വടക്കേമഠം സംന്യാസിമഠം അല്ലാതെയായി. വടക്കെമഠം ബ്രഹ്മസ്വം അല്ലെങ്കില്‍ ബ്രഹ്മസ്വം മഠം എന്ന പേരില്‍ പ്രശസ്തമായ വേദപഠന കേന്ദ്രമായിത്തീര്‍ന്നു. സാമൂതിരിപ്പാട് സമര്‍പ്പിച്ച വേണു ഗോപാലവി ഗ്രഹമാണ് ബ്രഹ്മസ്വം മഠത്തില്‍ ഇപ്പോഴുള്ള പ്രധാനപൂജാവിഗ്രഹം. ദക്ഷിണാമൂര്‍ത്തിയേയും പൂജിയ്ക്കുന്നുണ്ട്. സുരേശ്വരാചാര്യപരമ്പരയിലെ നടുവില്‍മഠവും പദ്മപാദാചാര്യപരമ്പരയിലെ തെക്കെമഠവും സംന്യാസിമഠങ്ങളായിത്തന്നെ പണ്ടുമുതല്‍ ഇന്നുവരെ തുടര്‍ന്നു വരികയും ചെയ്തു. ഋഗ്വേദപഠനത്തിനായി വടക്കേമഠം ഏല്പിച്ചു കൊടുത്ത് തൃശൂരില്‍നിന്നുപോയ സ്വാമിയാരുടെ പരമ്പരയാണ് കാസര്‍ഗോഡുള്ള ഇടനീര്‍മഠം എന്നാണ് വിശ്വാസം. തിരുവന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിത്യപുഷ്പാഞ്ജലി ചെയ്യാറുള്ളത് നടുവില്‍ മഠം സ്വാമിയാരും തൃക്കൈക്കാട്ട് മഠത്തിന്റെ ശാഖയായ മുഞ്ചിറ മഠത്തിലെ സ്വാമിയാരുമാണ്. എന്നാല്‍ തെക്കെമഠം സ്വാമിയാരാണ് തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി ഇന്നും അവരോധിക്കപ്പെടെുന്നത്.

ഈ മഠങ്ങളില്‍ ഉണ്ടായിരുന്ന സംന്യാസിമാരില്‍ പലരും മഹാവിദ്വാന്മാര്‍ ആയിരുന്നു. പദ്മപാദാചാര്യരുടെ സമകാലീനനും പഞ്ചപ്രക്രിയയുടെ കര്‍ത്താവുമായിരുന്ന സര്‍വ്വഞ്ജാന്‍, ഭാഗവതത്തിന് കൃഷ്ണപദി വ്യാഖ്യാനമെഴുതിയ രാഘവാനന്ദന്‍, അദ്വൈതദീപികാകര്‍ത്താവായ നൃസിംഹാചാര്യന്‍, ശ്രീശങ്കരന്റെ ആത്മബോധത്തിനു വ്യാഖ്യാനം രചിച്ച കൃഷ്ണാനന്ദന്‍, ശ്രീകൃഷ്ണ കര്‍ണ്ണാമൃത കര്‍ത്താവായ വില്വമംഗലം തുടങ്ങി പണ്ഡിതശ്രേഷ്ഠരായ അനേകം തപസ്വികള്‍ തൃശൂരിലെ മഠത്തിലുള്ളവരായിരുന്നു. ദുർഗ്ഗാപ്രസാദ്‌യതി (കൈവല്യനവനീതം), കൃഷ്ണാനു ഭൂതിയതി (ബ്രഹ്മസൂത്രാധികാരന്യായാനുക്രമണിക), പൂര്‍ണ്ണവിദ്യാമുനി (പഞ്ചപ്രക്രിയാവ്യാഖ്യാനം), ബോധാ നന്ദന്‍ (ബോധാനന്ദഗീത എന്ന ഉപനിഷദ് വ്യാഖ്യാനം), ജീവാത്മാവിനെ പരത്മാവിന്റെ അരികിലേക്ക് പറഞ്ഞയക്കുന്ന ഭാവനയോടെ സന്ദേശകാവ്യം രചിച്ച പൂര്‍ണ്ണ സരസ്വതി തുടങ്ങിയ വേദാന്തികള്‍ തൃശൂരിലുണ്ടായിരുന്ന സംന്യാസിശ്രേഷ്ഠരത്രെ. തപോനിഷ്ഠരായ മഹാത്മാക്കളുടെ സാന്നിധ്യവും ജിജ്ഞാസുക്കളായവരുടെ സഹവര്‍ത്തിത്വവും ഭരണകര്‍ത്താക്കളുടെ ഉദാരതയും മഠങ്ങളെ സമ്പന്നവും പ്രശസ്തവുമാക്കിത്തീര്‍ത്തു.